അഞ്ചു വര്ഷം മുന്‍പ് ഒരോണക്കാലത്ത് യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട സഹയാത്രികന്‍ , അയാളെ ഞാന്‍ പിന്നെ കണ്ടില്ല , കേട്ടില്ല , പക്ഷെ എല്ലാ ഓണത്തിനും പ്രിയ സുഹൃത്തേ ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട് ! ഈ പോസ്റ്റ് പുഴകളെ സ്നേഹിച്ച , കവിതകളെ സ്നേഹിച്ച എന്റെ പ്രിയ സഹയാത്രികന് ..
ഓണം മലയാളിയ്ക്കെന്നും ഉത്സവമാണ് , പുറം നാട്ടിലുള്ളവര്‍ക്കാണേല്‍ ഓണം ഗൃഹാതുരത സൃഷ്ടിക്കുന്ന ഒരു നൊമ്പരമാണ് . ഞാനും സ്ലീപ്പര്‍ ടിക്കെറ്റില്‍ നാട്ടിലേയ്ക്ക് വണ്ടി കയറി . കിട്ടിയ ബര്‍ത്തിനടുതെങ്ങും ഒരു പെണ്തരിയില്ല . എന്തോ ഒരു ഭയം , എന്റെ വലിയ കണ്ണടയിലൂടെ ചുറ്റുമിരിക്കുന്നവരെ തുറിച്ചു നോക്കി . അവരൊന്നു പേടിച്ചോ ? ഞാനും ! ബാഗിലിരുന്ന ഒരു ഇംഗ്ലീഷ് നോവല്‍ പുറത്തെടുത്തു വായന തുടങ്ങി . ജാടയാണെന്ന് അവരും കരുതട്ടെ. എല്ലാവരും മലയാളികള്‍ . എന്നാലും മിണ്ടാന്‍ ഭയം , ഗുരുവായൂരപ്പനെ ആഞ്ഞു വിളിച്ചു . എന്നും കൂടെയുണ്ടെന്നും ഒരിക്കലും കൈവിടില്ലെന്നും ഉള്ള വിശ്വാസമോ അന്ധവിശ്വാസമോ ആണു എനിക്കെന്നും ബലം .
രാത്രിയായി , കഴിക്കാന്‍ ഒന്നും കിട്ടിയില്ല , ഏതോ സ്റ്റേഷന്‍ , എല്ലാരും ഇറങ്ങി ഭക്ഷണപൊതി വാങ്ങുന്നു . വയര്‍ കരഞ്ഞു തുടങ്ങി , ഞാന്‍ മെല്ലെ ചാടി ഇറങ്ങി , bread omlet എന്നാരോ വിളിച്ചു പറഞ്ഞു , ആയിക്കോട്ടെ , ഞാന്‍ തലയാട്ടി . വണ്ടി നീങ്ങാന്‍ തുടങ്ങി , എനിക്കയാള്‍ നീട്ടിയ പൊതിയിലെയ്ക്കും ട്രെയിനിനെയും ഞാന്‍ മാറി മാറി നോക്കി , പിന്നെ ഓടി കേറുകയായിരുന്നു. പുറകെ എന്റെ പൊതിയുമായി അരുണ്‍ ഓടി കേറി , അപ്പോളാണ് ഞാന്‍ അയാളെ ശ്രദ്ധിക്കുന്നത് , ആറടി മൂന്നിന്ച്ചു പൊക്കം . അമ്മേ !
'താങ്ക്സ് !' ഞാന്‍ പൊതി വാങ്ങി ചിരിച്ചു . സീറ്റില്‍ വന്നിരുന്നു കഴിച്ചു .
9 കഴിഞ്ഞു ,എല്ലാരും കിടക്കാനുള്ള തിരക്കിലായി . ഞാന്‍ അരുണിനോട് ചോദിച്ചു , 'ഇപ്പൊ ബര്‍ത്ത് ഒഴിഞ്ഞു തരണോ ?' അയാളുടെ കണ്ണ് തള്ളി , 'എന്റെ ഈശ്വരാ , കുട്ടി മലയാളി ആണോ ? എന്നിട്ടാണോ മിണ്ടാതിരുന്നത് ?' . ഞാന്‍ മന്ദഹസിച്ചു (ചമ്മിയ ചിരിയെന്നും വ്യാഖ്യാനിക്കാം ) . 'എനിക്കുറക്കം വരുന്നില്ല , ഞാന്‍ മാറിത്തരണോ ?' ഞാന്‍ ആവര്‍ത്തിച്ചു . 'എനിക്കും ഉറക്കം വരുന്നില്ല , നമുക്ക് സംസാരിച്ചിരിക്കാം '. അരുണ്‍ സമാധാനിപ്പിച്ചു . ഒറ്റയ്ക്കാണെന്ന ഭയം എന്നെ വീണ്ടും അലട്ടി.
ഞങ്ങള്‍ പരിചയപ്പെട്ടു . അത്രേം സംസാരിക്കുന്ന ഒരാളെ ഞാന്‍ അന്ന് വരെ കണ്ടിട്ടില്ലായിരുന്നു . എന്നും ഒരു നല്ല ശ്രോതാവായിരുന്ന ഞാന്‍ കൌതുകത്തോടെ അയാളുടെ കഥകള്‍ കേട്ടു . വീടിനെ കുറിച്ച് , നാടിനെ കുറിച്ച് , കവിതകളെകുറിച്ച് , കഥകളെ കുറിച്ച് പിന്നെ നദികളെ കുറിച്ചും ....
'നമ്മള്‍ വരുന്ന വഴിയ്ക്ക് കൃഷ്ണാ നദിയെ കണ്ടിരുന്നോ ? , അതെങ്ങനാ താന്‍ മിണ്ടിയില്ലാലോ , സാരല്ല, തിരികെ വരുമ്പോള്‍ കാണാന്‍ മറക്കണ്ട. '
'എന്റെ വീട് തുംഗഭദ്ര യ്ക്കരുകിലാണ് , ഇപ്പോള്‍ വെള്ളമില്ല , പക്ഷെ മഴ വരുമ്പോള്‍ അവളെ ഒന്നു കാണണം , എന്ത് സുന്ദരിയാണെന്നൊ , അവളെ ക്കാണാന്‍ ദൂരെ നിന്നു പോലും ആളുകള്‍ വരും ! മഴ പെയ്യണ നേരത്ത് ഉമ്മറത്തിരുന്നു ഉറക്കെ പാടണം "കുമ്മാട്ടീ ....." താന്‍ കേട്ടിട്ടുണ്ടോ അത് ? ആട്ടെ തനിക്കിഷ്ടമുള്ള പുഴയേതാണ് ? , പെരിയാറിനെയാണ് എനിക്കിഷ്ടം . ....ആനന്ദിന്റെ ആള്‍ക്കൂട്ടം വായിച്ചിട്ടുണ്ടോ എനിക്കെന്നും ഇഷ്ടപ്പെട്ട കൃതി അതാണ് ' സംസാരം പുലരും വരെ നീണ്ടു . ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു . രാവിലെ ഒന്പതു മണിക്കെഴുന്നേറ്റപ്പോള്‍് കണ്ടത് , മറ്റു അഞ്ചു പേരും മുന്‍പിലെ സീറ്റില്‍ തിക്കി തിരക്കി ഇരിക്കുന്ന കാഴ്ചയാണ് . ചാടിയെണീറ്റ് പല്ലൊക്കെ തേച്ചു തിരിച്ചു വന്നപ്പോഴേയ്ക്കും മറ്റൊരു പൊതിയുമായി വീണ്ടും അരുണ്‍ . ബ്രേക്ക് ഫാസ്റ്റ് ! എനിക്കായി കരുതിയതാണ് . വീണ്ടും ചമ്മിയ ചിരിയുമായി ഞാനത് വാങ്ങി . അരുണിന്റെ കൂടെ ഉണ്ടായിരുന്ന അയാളുടെ കൂട്ടുകാരെന്റെ അച്ഛനെ പരിചയപ്പെട്ടു . അയാള്‍ ഞങ്ങള്‍ക്ക് മുന്പിറങ്ങും.
അദ്ദേഹമിറങ്ങി ക്കഴിഞ്ഞു അരുണ്‍ പറഞ്ഞു , 'തനിക്കറിയുമോ അദ്ദേഹം ചോദിക്കുകയായിരുന്നു , നമ്മള്‍ എത്ര കാലമായി അറിയുന്നവരാണെന്ന് . ഇന്നലെ മുതലെന്ന് ഞാന്‍ പറഞ്ഞിട്ട് , ആള്‍ സമ്മതിക്കുന്നില്ല . ' ഞങ്ങള്‍ പൊട്ടിച്ചിരിച്ചു .
'കാണാം (ഇനിയും കാണുമോ ) ' ഞങ്ങള്‍ പിരിഞ്ഞു . പിന്നെ കണ്ടതുമില്ല കേട്ടതുമില്ല . ചില ബന്ധങ്ങള്‍ ഇങ്ങനെയാണ് ,ഒരു മാത്രയില്‍് ജീവിച്ച്, അടുത്ത മാത്രയില്‍ പൊലിഞ്ഞ് ! ചിലത് ഒരു ജന്മം മുഴുവന്‍ ഒരുമിച്ചിരുന്നാലും ചേരാത്തത് !
അന്ന് മുതല്‍ എല്ലാ ഓണത്തിനും ആ നല്ല മനസ്സിനെ ഞാന്‍ ഓര്‍ക്കും . ഒരിക്കല്‍ കൂടി കണ്ടിരുന്നെങ്കില്‍ എന്നാശിയ്ക്കും .
സഹയാത്രികന് സ്നേഹപൂര്‍വ്വം ....
4 comments:
ഇനിയുമേതെന്തിലും യാത്രയിൽ കണ്ടുമുട്ടുമായിരിക്കും..
സുന്ദരമായി കുറിച്ചു വച്ചിരിക്കുന്നു സോദരീ;
ഒരുപാടിഷ്ട്ടപ്പെട്ടു.
ഓണാശംസകൾ
athokee pokateeee
aaa SAhayatrikanuu breadomlet intem, breakfastinteeemm PAISAAA koduthooooo Kalyaniiii neeee
undell kollam, allell avn ninee kandalumm avn thirinuu oodumm, aduthuu varikaa polumillaaa
എന്നും ജീവിതം അങ്ങനെ തന്നെ സുഖങ്ങള്‍ അല്ലങ്കില്‍ സുഖമുള്ള ഓര്‍മ്മകള്‍ അവയ്ക്ക് ഒരു മിന്നല്‍പ്പിണറിന്റെ ആയുസ്സത്രേ!!
ജീവിതയാത്രയില്‍ എത്രയോ മുഖങ്ങള്‍ എത്രയോ അനുഭവങ്ങള്‍...
ചിലത് ഒന്ന് ഓര്‍ക്കാന്‍ പോലും മടിക്കുന്നവ ചിലതോ നാം എന്നും താലോലിക്കാനിഷ്ടപ്പെടുന്നവ.
നന്നായിരിക്കുന്നു....വിണ്ടും നല്ല സഹയാത്രികരെ തന്നെ കിട്ടാന്‍ ആശംസിക്കുന്നു :-)
Post a Comment