Tuesday, May 25, 2010

ഞാന്‍ നിന്റെ ആരാണ് ?

ഞാന്‍ നിന്റെ ആരാണ് ?
നീയെന്റെ മഴയാണ് !

വേനല്‍ തളര്‍ത്തിയോരെന്‍ മനസ്സില്‍
പെയ്തിറങ്ങിയ മിഥുന മഴ!
വിണ്ടു കീറിയ ഓരോ മുറിവിലും
കുളിരായിറങ്ങിയ മഴ !
ചുട്ടു നീറുന്ന മിഴിയിണകളില്‍
ചുംബനങ്ങള്‍ തന്നൊരാ ചാറ്റല്‍ മഴ !

കണ്ണുകള്‍ കവിഞ്ഞു
കവിളിണയിലൂടുതിര്‍ന്ന്‍
ചുണ്ടിലുറഞ്ഞൊരുപ്പുനീരിനെ
ചുണ്ടാല്‍ ഒപ്പിയെടുത്ത മഴ !

കോരിച്ചൊരിഞൊരെന്‍
പരിഭവങ്ങളെ
ഒരു മിന്നല്‍ച്ചിരിയോടെ,
ക്ഷമയോടെ ചെവികൊണ്ട മഴ !

ഒരു നോക്ക് കാണുവാനായ്
ജനല്‍ തുറന്നയെന്‍-
കവിളത്ത് ജലശീഖരങ്ങളാല്‍
കവിതയെഴുതിയ രാത്രിമഴ!

പൊട്ടല്‍വീണയാ ഓടിലൂടെ
ഇറ്റിറ്റു നീ പെയ്തിറങ്ങിയപ്പോള്‍
തണുത്ത കരങ്ങളാലെന്നെ
കെട്ടിയിട്ടവന്‍,നീയെന്‍ സ്വന്തം!

തൊടികളില്‍ ‍ചാലി-
ട്ടൊഴുകിയപോലെന്‍
ചൊടികളില്‍ നീ,
നീരായിറങ്ങിയപ്പോള്‍
നനഞ്ഞു തോര്‍ന്നൊരാ
പ്രകൃതിയെപ്പോല്‍
നിന്നിലലിയാന്‍
കൊതിച്ചവള്‍ ഞാന്‍

എനിയ്ക്കും നിനക്കും
മാത്രമായ്‌ അറിയുന്ന
രഹസ്യങ്ങള്‍ കാതുകളില്‍ മന്തിച്ച്
നിന്നില്‍ ഭ്രമിച്ച്
നിന്‍ കൂടെ രമിച്ച്
നീ തീര്‍ത്ത കയത്തില്‍
മുങ്ങാംങ്കുഴിയിട്ട്
ഞാനും നീയും
ഒന്നാകുന്ന വര്‍ഷം
അതാണ്‌ നീ ,
എന്റെ പ്രണയം,
എന്റെ മഴ!

7 comments:

kalyani said...

എന്റെ ആദ്യത്തെ കവിതാ സാഹസം !

Raveena Raveendran said...

ആദ്യത്തേത് അതിമനോഹരം !

kalyani said...

ശരിക്കും ?????
താങ്ക്യു ട്ടോ !

നിരാശകാമുകന്‍ said...

മഴക്കാലമല്ലേ വരുന്നത്...
ഇനിയെന്നും പ്രണയത്തിന്‍റെ ദിനങ്ങളാവും അല്ലെ...
നനായിത്തന്നെ തുടങ്ങി...

എന്‍.ബി.സുരേഷ് said...

മഴയുടെ നാനാര്‍ത്ഥങ്ങള്‍

പ്രണയിയുടെ മഴ നിര്‍വചനങ്ങള്‍

ഇത്ര നീട്ടേണ്ടിയിരുന്നില്ല

പിന്നെ ആദ്യം മഴയെ തൊട്ടു പ്രണയത്തെ വര്‍ണ്ണിക്കുന്നതൊക്കെ നല്ലത്
കാല്പനികത അധികം കൊണ്ടുനടക്കണ്ട കേട്ടോ
പിന്നെ നമുക്കു തന്നെ ചെടിപ്പു തോന്നും

പിന്നെ എല്ലാം പ്രകൃതിയില്‍ കാണുന്നതും നല്ലത് തന്നെ

മഴകള്‍ നമ്മുടെ ഫ്ലാറ്റുകൊടുങ്കാടിനു മുകളില്‍ പെയ്യുമ്പോഴും ഇതു തന്നെയാവുമോ നിര്‍വചനങ്ങള്‍
വെരുതെ ചോദിച്ചതാ കെറുവിക്കല്ലേ

maithreyi said...

ഹെന്റെ ദൈവേ, ബ്ലോഗുകള്‍ മൊത്തം മഴമയമാണല്ലോ. മഴ, വാക്ക്, പ്രണയം...പിന്നെ ആദ്യം ഒരു സിനമാപ്പട്ടോര്‍മ്മ വന്നു.....കവിത മൊത്തത്തില്‍ ഓടിച്ചുവായിച്ചപ്പോള്‍ കൊള്ളാം, ഇനി സമയം കിട്ടുമ്പോള്‍ വിശദമായി വായിക്കാം....ഇത്തിരി നീളം കൂടിപ്പോയില്ലേന്നൊരു സന്ദേഹം.....

ജയിംസ് സണ്ണി പാറ്റൂര്‍ said...

മഴമേഘങ്ങളില്‍ നിന്നടര്‍ന്നു
വീണതെന്തിനെന്നു ചോദിച്ച -
വരവര്‍ക്കു നല്കാനൊരുയുത്തരം
ഇന്നിവിടെയിതാ കണ്ടെത്തി