Sunday, May 22, 2011

യക്ഷി

കല്യാണിയുടെ കണ്ണിണക്കറിയാത്ത മായജാലങ്ങളില്ല.
കണ്ണെറിയാന്‍,
കണ്‍മുനയില്‍ മനം കോര്‍ക്കാന്‍ ,
ഒറ്റ നോട്ടത്തില്‍ ഒരുവനെ ദഹിപ്പിക്കാന്‍ ,
സ്നേഹിക്കാന്‍ , പ്രണയിക്കാന്‍ ,
പിണങ്ങാന്‍ , ഇണങ്ങാന്‍ ...

"നോട്ടം കണ്ടില്ലേ , യക്ഷിയെപ്പോലെ "
കല്യാണിയുടെ കണ്ണുകളിലെ ഭാവം മാറി , ഇടഞ്ഞെന്നുറപ്പ്! കലഹിച്ചു കൊണ്ട് അവനെ അവള്‍ തറപ്പിച്ചു നോക്കി.

"എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തെ ഈ സ്ത്രീകള്‍ മാത്രം യക്ഷികളാകുന്നതെന്ന് ? പുരുഷനങ്ങിനെയൊരു പരിവേഷമില്ല , ഉം ?"

ഇല്ലെന്നു അവളുടെ കണ്ണുകള്‍ പറഞ്ഞതറിഞ്ഞാവണം അവന്‍ തുടര്‍ന്നു "ഒരു പുരുഷായുസ്സില്‍ തീര്‍ക്കാനാകാത്ത ആഗ്രഹങ്ങള്‍ പുരുഷന് ഇല്ലെന്നു വേണേല്‍ പറയാം ; എങ്കില്‍ സ്ത്രീകളോ , കുരുതി കൊടുത്ത ഏറെ സ്വപ്നങ്ങളുടെ നെരിപ്പോടും! അങ്ങനെ , തീരാത്ത മോഹങ്ങളുള്ള സ്ത്രീ മനസ്സുകളാണ് യക്ഷികളായി പരിണമിക്കുന്നത് ."

"നീ എന്തിനെന്നെ യക്ഷിയെന്നു വിളിച്ചു ?"
അവളുടെ കണ്ണുകള്‍ ആര്‍ദ്രമായി.
മനസ്സൊരു നെരിപ്പോടാണെന്നും ഗതികിട്ടാതലയുന്നതാണ് തന്‍റെയാത്മാവെന്നും അതിനു ധ്വനിയില്ലേ ? ഉള്ളിലെവിടെയോ കൊളുത്തി വലിച്ചു.

കണ്ണെടുക്കാതെ ഒരു കുസൃതിച്ചിരിയോടെ അവന്‍ പറഞ്ഞു ,
"ചുടലയക്ഷി, വടയക്ഷി , രക്തരക്ഷസ്സ് അങ്ങിനെ പല ജാതി യക്ഷികളുണ്ട് , നീ(എന്‍റെ ) സുന്ദരിയക്ഷിയല്ലേ ?"

കല്യാണി ഇത്തിരി ചമ്മലോടെ കിലുങ്ങിച്ചിരിച്ചു.

5 comments:

KK said...

ente..........

Yakshi ammeeeeeee..

Bijith :|: ബിജിത്‌ said...

സ്ത്രീകളോ , കുരുതി കൊടുത്ത ഏറെ സ്വപ്നങ്ങളുടെ നെരിപ്പോടും! അങ്ങനെ , തീരാത്ത മോഹങ്ങളുള്ള സ്ത്രീ മനസ്സുകളാണ് യക്ഷികളായി പരിണമിക്കുന്നത്

നല്ല വരികള്‍.

ആഗ്രഹങ്ങള്‍ പറയാന്‍ കഴിയുന്നവരോട് തുറന്നു പറയുക. പലപ്പോഴും ഒരു തുറന്നു പറച്ചിലാകും ആഗ്രഹങ്ങള്‍ നിറവേറുന്നതിനു തടസ്സമായി നില്‍ക്കുന്നത്

nachikethus said...

ദൈവമേ ....ചോരകുടിക്കുമോ?

kalyani said...

ചോര കുടിക്കും... പേടിക്കേണ്ടാ.. ഒരു ഉറുമ്പ് കടിക്കണ വേദന പോലും ഉണ്ടാവില്ല .... ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലേല്‍ അസമയത്ത് ഇത് വഴി നടക്കരുത്... ഇനിയിപ്പോ നിവര്‍ത്തിയില്ലാതെ ഈ വഴി വന്നൂച്ചാ തന്നെ ഗായത്രീ മന്ത്രം ജപിച്ചോളൂ...

Binoj said...

മനോഹരം... തീരാത്ത മോഹങ്ങളോടെ മരിച്ചാല്‍ യക്ഷിയാകുമെങ്കില്‍ ഈ നിമിഷം മരിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.... പക്ഷെ, ഒരു ആണായി പിറന്നതിനാല്‍ അതിനും ആവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എവിടെയോ നഷ്ടബോധവും.........